Breaking News

ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി

തിരുവനന്തപുരം: മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനുമായ കേശവൻ (52) ആണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് ഒമ്പതിന് രാത്രി പത്തുമണി യോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

മേലെ പഴവങ്ങാടി രാജൻ വാച്ച് ഹൗസിന് മുന്നിലെ നടപ്പാതയിൽവെച്ചാണ് ഗിരീഷ് കുമാർ കേശവനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കേശവനെ നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മാർച്ച് 13-ന് കേശവൻ മരിച്ചു.

നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

കേസിൽ പ്രതിക്കെതിരായ നിർണായക തെളിവായി മാറിയത് സമീപത്തെ വ്യാപാരസ്ഥാപനത്തിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 36 രേഖകൾ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു.

തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ. സനോജിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി. ക്രൈംബ്രാഞ്ച് എസ്.ഐ കൃഷ്ണഗോപാൽ, സി.പി.ഒ വി.എസ്. ആശിഷ് എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *