Breaking News

ധാര്‍ഷ്ട്യം വിനയായി: തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായിയെ പഴിചാരി സി.പി.ഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പഴിചാരി സി.പി.ഐ. സി.പി.ഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗണ്‍സിലുമാണ് പിണറായിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അതു പറയാനുള്ള ആര്‍ജവം സി.പി.ഐ നേതൃത്വം കാട്ടണമെന്നുമാണ് യോഗങ്ങളില്‍ ഉയര്‍ന്ന അഭിപ്രായം.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്യവും തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി കണ്‍വീനര്‍ ബി.ജെ.പി നേതാവിനെ കണ്ടതും സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭിക്കാതെ വന്നതും പെന്‍ഷന്‍ മുടങ്ങിയതും കനത്ത പരാജയത്തിന് കാരണമായെന്ന് സി.പി.ഐ യോഗങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ വെറുപ്പിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അലയടിച്ചതു മുഖ്യമന്ത്രിക്കെതിരായ വികാരമെന്നാണു ഫലം അവലോകനം ചെയ്ത ആലപ്പുഴ യോഗത്തിലെ വിമര്‍ശനം. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ‘ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസാണു മികച്ചതെന്നു ജനങ്ങള്‍ ചിന്തിച്ചതിനൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു’എന്നായിരുന്നു ഉള്ളടക്കം.

ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രേമചന്ദ്രനെതിരെ പിണറായി പ്രയോഗം മുതല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള പരാമര്‍ശം വരെ സി.പി.ഐ യോഗങ്ങളില്‍ വിമര്‍ശന വിധേയമായി. മുഖ്യമന്ത്രി തിരുത്താന്‍ തയാറല്ലെന്നതിന് തെളിവായിട്ടാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള പരാമര്‍ശത്തെ സി.പി.ഐ വിലയിരുത്തുന്നത്. സി.പി.ഐയുടെ കൈവശമുള്ള കൃഷി വകുപ്പിനെയും സപ്ലൈകോയെയും അവഗണിച്ചതു തിരിച്ചടിയായി. കോണ്‍ഗ്രസ് വോട്ടു മാത്രമല്ല, ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. തൃശൂരിലെ സി.പി.ഐ സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ ഇപ്പോഴും മാറാത്ത ചില സംശയങ്ങളുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും ചേരും. ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *