
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെ 66.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം കനത്ത പോളിംഗ് ആണ് നടന്നത്. ഏഴുമണി വരെ വോട്ടെടുപ്പ് സമയം ഉള്ളതിനാല്‍ ഇനിയും പോളിംഗ് ശതമാനം ഉയരാനാണ് സാധ്യത. കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിലും കനത്ത പോളിംഗ് നടന്നു. ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറവാണ്. ബി.ജെ.പി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ലെന്നതാണ് ഇത് നല്കുന്ന സൂചന. കനത്ത ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് രണ്ടാമതും ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
രാവിലത്തെ സംഘര്‍ഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായാണ് പരാതി. തടിച്ചുകൂടിയ സി.പി.എം പ്രവര്‍ത്തകര്‍ കാര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി.അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കല മണ്ഡലത്തിലെ അയിരൂര്‍ 32-ാം നമ്പര്‍ ബൂത്തിലും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം. ആറാട്ടുപുഴയില്‍ വീണാ ജോര്‍ജിനെതിരെ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായി. കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സി.പി.എം ആരോപണം
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.