Breaking News

പാനൂരിലെ കൊലപാതകം; മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതെന്നതിന് തെളിവായി വാട്‌സാപ് സ്റ്റാറ്റസ്

മന്‍സൂര്‍

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതെന്നതിന് തെളിവായി വാട്‌സാപ് സ്റ്റാറ്റസ്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയെപ്പെന്നോണം ‘ഈ ദിവസം ലീഗുകാര്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്’ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വാട്‌സാപ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ഇതോടെയാണ് പാനൂരിലെ കൊലപാതകം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന സംശയം ബലപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കൂത്തുപറമ്പില്‍ നടന്ന സി.പി.എം-ലീഗ് സംഘര്‍ഷത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ സ്റ്റാറ്റസ് ഇട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല, ലീഗ് പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പിലെ 149-ാം ബൂത്തില്‍ വച്ചായിരുന്നു ഭീഷണി. സംഭവത്തെ കുറിച്ച് പോലീസിന് വിവരം കൈമാറിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ലീഗ് അറിയിച്ചുട്ടുണ്ട്. വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഉച്ചയോടെ പ്രശ്‌നം തണുത്തുവെങ്കിലും രാത്രിയോടെ വീണ്ടും അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *