

എറണാകുളം: സിവില്‍ തര്‍ക്കം പരിഹരിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി. സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് സിവില്‍ കോടതികളാണെന്നും സിവില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ മാത്രമേ പോലീസിന് ഇടപെടാന്‍ സാധിക്കൂയെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം അടക്കമുള്ള സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പോലീസിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സിംഗിള്‍ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ക്രിമിനല്‍ കുറ്റം വെളിപ്പെടുത്തുന്ന പരാതിയിലെ ആരോപണങ്ങള്‍ പോലീസിന് അന്വേഷിക്കാമെങ്കിലും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം അടക്കമുള്ള സിവില്തര്ക്കങ്ങള് പരിഹരിക്കാന്‍ പോലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. സിവില്‍ കേസില്‍ പോലീസ് തീര്‍പ്പ് കല്പ്പിച്ചെന്ന പരാതി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.




ഈ കേസില്‍ പോലീസ് ഹര്‍ജിക്കാരനോട് കയ്യേറ്റം പൊളിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഹര്‍ജിക്കാരനും പ്രതിഭാഗവും തമ്മിലുള്ള തര്‍ക്കം പോലീസ് പരിഹരിക്കാന്‍ തയാറായതിനെ ചോദ്യം ചെയ്തായിരുന്നു ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി പോലീസ് ഫലത്തില്‍ ഒരു സിവില്‍ കോടതിയുടെ പങ്ക് ഏറ്റെടുത്തു, ഹര്‍ജിക്കാരനും പ്രതിഭാഗവും തമ്മിലുള്ള തര്‍ക്കം തീര്‍പ്പാക്കി, ഹരജിക്കാരന് പ്രതിഭാഗത്തിന്റെ വസ്തുവിന്റെ ഒരു ഭാഗം കൈയേറിയതായി കണ്ടെത്തി, കയ്യേറ്റം നീക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.എന്‍.എസ്.എസോ, പൊലീസ് ആക്ടോ, പൊലീസിന്റെ അധികാരങ്ങളും ചുമതലകളും നിയന്ത്രിക്കുന്ന മറ്റേതെങ്കിലും നിയമമോ, പട്ടയം, കൈവശാവകാശം, അതിര്‍ത്തി, കയ്യേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരം പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.


