

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്‌കൂളുകള്‍ വീണ്ടും അപേക്ഷിക്കണം.നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കുമുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയുടെ അസ്സലും അനുബന്ധരേഖകളും എസ്പിസി പദ്ധതിയുടെ ജില്ല ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.




അപേക്ഷയുടെ പകര്‍പ്പ് അതത് പോലീസ് സ്റ്റേഷനിലും നല്‍കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും keralapolice.gov.in/page/notification ല്‍ ലഭിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുറഞ്ഞത് 500 വിദ്യാര്‍ഥികളും പദ്ധതിയില്‍ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസില്‍ കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളും ഉള്ള വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ് പി സി ഓഫീസ് സജ്ജീകരിക്കാനും കേഡറ്റുകള്‍ക്ക് വസ്ത്രം മാറാനുമുള്ള മുറികള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്. ഫോണ്‍: 04712432655.


