Breaking News

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

വിഷ്ണുനാരായണന്‍ നമ്പൂതിരി

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാള സാഹിത്യലോകത്തിന് നഷ്ടമായിരിക്കുന്നത് ഒരു കവിയെ മാത്രമല്ല, ഒരു ഭാഷാ പണ്ഡിതനെയും അധ്യാപകനെയും കൂടിയാണ്. അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്ര ആ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മീയമെന്നോ ദൈവീകമെന്നോ പറയാവുന്ന ചൈതന്യമാണ്. ആ ചൈതന്യത്തെ തൊട്ടറിഞ്ഞവരെ അദ്ദേഹത്തിന്റെ കവിതകള്‍ കൂട്ടിക്കൊണ്ടുപോയത് ഭാവനയുടെ അമൂര്‍ത്തമായ ലോകത്തിലേക്കാണ്. തീക്ഷണമായ ജീവിതാനുഭവങ്ങള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ പോലും ആത്മീയതയുടെ നൈര്‍മ്മല്യം അദ്ദേഹത്തിന്റെ കവിതകളില്‍ അന്തര്‍ലീനമായിരുന്നു. കാല്‍പനികതയും ദൈവികതയും കൂട്ടിച്ചേര്‍ന്ന ഭാവനാവിന്യാസമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.
1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലായിരുന്നു അദ്ദേഹം ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങള്‍’, ‘പ്രണയഗീതങ്ങള്‍’, ‘ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.
പത്മശ്രീ പുരസ്‌കാരം(2014), എഴുത്തച്ഛന്‍ പുരസ്‌കാരം(2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1979), വയലാര്‍ പുരസ്‌കാരം(2010), വള്ളത്തോള്‍ പുരസ്‌കാരം(2010), ഓടക്കുഴല്‍ അവാര്‍ഡ്(1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം(2010), പി സ്മാരക കവിതാ പുരസ്‌കാരം(2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: സാവിത്രി, മക്കള്‍: അദിതി, അപര്‍ണ. സംസ്‌ക്കാരം നാളെ രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *