

വർക്കല: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വർക്കല മേഖലയുടെ ആഭിമുഖ്യത്തിൽ ഇടവയിൽ ജനസഭയും ജനകീയ വികസന പത്രിക പ്രകാശനവും സംഘടിപ്പിച്ചു. ‘നാളത്തെ ഇടവ പഞ്ചായത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ജനസഭ.

ഇടവ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജനകീയ വികസന പത്രികയുടെ പ്രകാശനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ നിർവഹിച്ചു. ലഘുലേഖയുടെ പ്രകാശനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, ഇടവ കൃഷി ഓഫീസർക്ക് നൽകി നിർവഹിച്ചു.

പരിഷത്ത് മുൻ ജനറൽ സെക്രട്ടറി പി. ഗോപകുമാർ ആമുഖ അവതരണം നടത്തി. നാളത്തെ പഞ്ചായത്ത് വികസനരേഖയുടെ കരട് കൺവീനർ എം. സുരേഷ് കുമാർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയുടെ ക്രോഡീകരണം പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി. ശശാങ്കൻ നിർവഹിച്ചു.
മേഖലാ പ്രസിഡന്റ് എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജി. സുനിൽ കുമാർ, വെൺകുളം യൂണിറ്റ് സെക്രട്ടറി ശക്തി ശങ്കർ എന്നിവർ പ്രസംഗിച്ചു.
