

വര്‍ക്കല: വര്‍ക്കലയില്‍ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം ജനം ദുരിതത്തില്‍. വര്‍ക്കല കല്ലാഴി വാര്‍ഡ് കുഴിവിളാകം വയലില്‍ റോഡിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ക്കാണ് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിന്റെ ദുരിതഫലം അനുഭവിക്കേണ്ടി വരുന്നത്. കുഴിവിളാകം ഭഗവതി ക്ഷേത്രത്തിന്റെ ഒരു വശത്തുനിന്ന് ആരംഭിക്കുന്ന റോഡിന്റെ മധ്യഭാഗത്ത് ഏകദേശം 25 മീറ്ററോളം ദൂരം വെള്ളക്കെട്ടും ചെളിയുമാണ്.

ഈ ഭാഗത്ത് റോഡ് നിരപ്പില്ലാതെ താഴ്ത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വയല്‍ പ്രദേശമായതിനാല്‍ ഈ റോഡിന് ഒരു വശത്തുനിന്നും നീരുറകള്‍ ഒഴുകി റോഡില്‍ എത്തുന്നു. എന്നാല്‍ നീരുറവകളില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാതെ റോഡിന്റെ 25 മീറ്ററോളം ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയും പ്രദേശവാസികളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ഈ ഭാഗത്തെ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പൈപ്പ് ലൈന്‍ ഇടാനായി വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിക്കുഴിച്ചിരുന്നു.

പൈപ്പ് ഇട്ടതിനുശേഷം റോഡ് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാമെന്ന ഉറപ്പ് പാലിക്കാന്‍ വാട്ടര്‍ അതോറിറ്റി ഇതുവരെ തയാറായിട്ടില്ല. മഴക്കാലമാകുന്നതോടെ ഈ റോഡിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് ലൈന്‍ ഇടാനായി കുഴിയെടുത്ത ഭാഗം അടുത്ത കാലത്ത് ഇടിഞ്ഞുതാഴ്ന്നതോടെ ഈ ഭാഗത്ത് റോഡിന്റെ പകുതി മാത്രമേ ഗതാഗത യോഗ്യമായിട്ടുള്ളൂ.
അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ വിലപിക്കുന്നു. നാലുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സ്ഥലം ഈ ഭാഗത്തില്ലാത്തതിനാല് ആംബുലന്‍സോ, പച്ചക്കറി വാഹനമോ പോലും ഈ ഭാഗത്തേക്ക് വരാറില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു.

നാലുചക്ര വാഹനങ്ങള്‍ ഇവിടെ താഴ്ന്നുപോവുന്ന അവസ്ഥയാണുള്ളത്. ഈ വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നിവീണ് പരിക്കേല്‍ക്കുന്നതും ഇവിടെ നിത്യസംഭവം ആയിരിക്കുകയാണ്. മഴക്കാലത്ത് ഈ ഭാഗത്തുള്ള വെള്ളക്കെട്ട് കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറുന്നത് ഡെങ്കിപ്പനി പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നതാണ്.
റോഡിന്റെ 25 മീറ്ററോളം വരുന്ന മധ്യഭാഗത്ത് കോണ്‍ക്രീറ്റിന് മുകളില്‍ മണ്ണ് അടിഞ്ഞ് കിടക്കുകയാണ്. എന്നിട്ടുപോലും ഈ ഭാഗം താഴ്ച്ചയുള്ള ഭാഗമായി തുടരുകയാണ്. റോഡിന്റെ മധ്യഭാഗത്ത് താഴ്ന്നുകിടക്കുന്ന വെള്ളക്കെട്ടുള്ള ഭാഗം റോഡിന്റെ നിരപ്പാക്കിയാല്‍ ഈ വെള്ളക്കെട്ടിനും ചെളിക്കുണ്ടിനും പരിഹാരം കാണാനാവുമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മിച്ച സമയത്ത് കരാറുകാരുടെ താല്പര്യങ്ങള് മാത്രമാണ് അവര്‍ പരിഗണിച്ചതെന്നും അതിന്റെ ദുരിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന വേളയില്‍ റോഡിന്റെ മധ്യഭാഗം താഴ്ന്ന അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും കരാറുകാരന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോന്നിയപോലെ പണി പൂര്‍ത്തിയാക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ക്കല നഗരസഭാ അധികൃതര്‍ക്ക് ഈ റോഡിന്റെ ശോചനീയാവസ്ഥയും അതുകാരണം നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതവും ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കി വര്‍ക്കല നഗരസഭ അധികൃതര്‍ക്ക് വീണ്ടും കൂട്ടായ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
