Breaking News

ആറ്റിങ്ങലില്‍ ലഹരി വേട്ട: എം.ഡി.എം.എ പിടികൂടി; രണ്ടു യുവാക്കള്‍ പിടിയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ലഹരി വേട്ട. എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍. പ്രതികളില്‍ നിന്ന് 53.5 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ പോലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങല്‍ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക് നമ്പര്‍ 60 ല്‍ രാജപാലന്റെ മകന്‍ അപ്പു എന്ന അപ്പുക്കുട്ടനും, മാമം കിഴുവിലം പുതുവല്‍വിള പുത്തന്‍ വീട്ടില്‍ സജീറിന്റെ മകന്‍ വിച്ചു എന്നു വിളിക്കുന്ന സനീതും പിടിയിലായത്.

ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികള്‍. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളെ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീം നിരീക്ഷിച്ചു വരികയായിരുന്നു. ഇതേതുടര്‍ന്നാണ് ലഹരി സംഘത്തിലെ പ്രധാനികളായ പ്രതികള്‍ എം.ഡി.എം.എയുമായി അറസ്റ്റിലായത്.

ബൈക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കറങ്ങി നടന്നു വില്‍പ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങല്‍ മാമം പാലത്തിനു അടുത്തുള്ള ടര്‍ഫിനു സമീപത്തു നിന്നുമാണ് എം.ഡി.എം.എയും തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സഹിതം അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്‍പ്പന സംഘങ്ങളെ കുറിച്ചും ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം റൂറല്‍ എസ്.പി ശില്പ ദേവയ്യ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാര്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.റ്റി.രാസിത് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എസ്.എച്ച്.ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ എസ്.ഐ അഭിലാഷ്, അഡിഷണല്‍ എസ്.ഐ നുജൂ, സ്‌പെഷ്യല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ദിനു പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹി റൂറല്‍ ഡാന്‍സാഫ് ടീമിലെ എസ്.ഐ ബിജു ഹക്ക്, എ.എസ്.ഐ ബിജുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ്, സ്‌പെഷ്യല്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി എം.ഡി.എം.എയും പ്രതികളെയും പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *