
ആറ്റിങ്ങല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മാതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ പൊയ്കമുക്ക് ലക്ഷ്മിവിള തടത്തരികത്ത് വീട്ടില്‍ ശശികല(58), ഭര്‍ത്താവ് ആനന്ദന്‍(62) എന്നിവര്‍ക്കാണ് മകനില്‍നിന്നും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ശശികലയുടെ മകന്‍ അനീഷിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി തന്റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്.
പ്രതി മദ്യപിക്കാനായി മാതാപിതാക്കളില്‍നിന്ന് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ പണം നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് പ്രതി മദ്യപിച്ച് വീട്ടിലെത്തി ഹാളില്‍നില്‍ക്കുകയായിരുന്ന ശശികലക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ശശികലയെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവ് ആനന്ദനെയും പ്രതി കമ്പി വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകളും വീട്ടുസാധനങ്ങളും പ്രതി കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഇതുവഴി ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിക്കാര്‍ പോലീസിന് മൊഴി നല്‍കി. കുടുംബവീട്ടിലായിരുന്നു പ്രതിയും മാതാപിതാക്കളും താമസിച്ചിരുന്നത്. എന്നാല്‍, മകന്റെ മദ്യപാനവും അതിനെ തുടര്‍ന്ന് നിരന്തരമായി അനുഭവിച്ചുകൊണ്ടിരുന്ന ഉപദ്രവങ്ങളും കാരണം മാതാപിതാക്കള്‍ കുടുംബവീട്ടില്‍നിന്നും അല്‍പം അകലെ ചെറിയ ഒരു വീട് വച്ച് അവിടേക്ക് താമസം മാറിയിരുന്നു. ഈ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് പ്രതി മാതാപിതാക്കളെ ആക്രമിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്.
ആറ്റിങ്ങല്‍ പൊയ്കമുക്കില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേരത്തെ ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ തുടര്‍ നടപടികള്‍ക്കായി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.