
കോഴിക്കോട്: അതുല്യ നടന്‍ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാമുക്കോയ. ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനച്ചടങ്ങിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 ജൂലൈ അഞ്ചിന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1979ല്‍ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ ആയിരുന്നു മാമുക്കോയയുടെ ആദ്യചിത്രം. രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടി. കല്ലായിയിലെ കൂപ്പില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു. വടക്കുനോക്കിയന്ത്രം, സന്ദേശം, നാടോടിക്കാറ്റ്, ഇരുപതാം നൂറ്റാണ്ട്, പട്ടണപ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, തലയണമന്ത്രം, പെരുമഴക്കാലം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.
സ്വന്തം പേരിലുപരി താന്‍ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ കലാകാരനായിരുന്നു മാമുക്കോയ. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ കാ ദോസ്ത് എന്ന ഡയലോഗിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടി. ലളിതവും നിഷ്‌കളങ്കവുമായ നര്‍മത്തിന്റെ മര്‍മം അറിഞ്ഞ പ്രതിഭയായിരുന്നു മാമുക്കോയ. സ്വതസിദ്ധമായ ഭാഷാശൈലി കൊണ്ട് മലയാള സിനിമാലോകത്ത് തന്റേതായ അഭിനയശൈലി ഉണ്ടാക്കിയെടുത്ത നടനവിസ്മയം. നാടക കളരിയില്‍ നിന്ന് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് മലയാളസിനിമയുെട ചരിത്രം കൂടിയാണ്.