

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികളുമുണ്ടെന്ന് നേതൃത്വത്തിന്റെ സ്ഥിരീകരണം. അറസ്റ്റിലായ അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണെന്നും എന്നാല്‍ ഇവര്‍ സംഭവ സ്ഥലത്തി ഓടിക്കൂടിയവരാകാമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. അതല്ല, സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വി.കെ.സനോജ് ആരോപിച്ചു.



‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ധാരാളം ആളുകളെത്തി. ആ കൂട്ടത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതൃനിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെങ്കില്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വ്യാപകമായനിലയില്‍ ഡി.വൈ.എഫ്.ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണ്’-വി.കെ.സനോജ് കുറ്റപ്പെടുത്തി. ഇന്നലെവരെ പൊലീസ് പിടികൂടിയവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ നേതൃത്വം അമല്‍ ബാബു, മിഥുന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് നിലപാട് മാറ്റിയത്.




