

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ നീക്കം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ ചില കക്ഷികളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. 2024 തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തന തന്ത്രങ്ങളുടെ ഭാഗമായാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കുക എന്നതാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിടുന്നത്.

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ പ്രതിപക്ഷ നേതൃയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശവും ചര്‍ച്ച ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ രാജ്യസഭയിലും തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും വാക്കുതര്‍ക്കത്തില്‍ എത്തിയിരുന്നു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയതിനെ മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ മാത്രം ഏകപക്ഷീയമായി ചര്‍ച്ച ചെയ്യാതെ രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായാണ് ഭരണപക്ഷം നേരിട്ടത്.
