Breaking News

പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് താരതമ്യം ചെയ്ത് നരേന്ദ്ര മോദി

ഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയവയിലെല്ലാം ‘ഇന്ത്യ’ എന്ന് ഉണ്ടെന്നും അതിലൊന്നും യാതൊരു കാര്യവുമില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. മണിപ്പൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതൃനിരയ്‌ക്കെതിരെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധചെയ്തുകൊണ്ട് മോദി സംസാരിച്ചത്.

പ്രതിപക്ഷ സഖ്യത്തിനെതിരെ ശക്തമായ ഭാഷയിലാണ് മോദി പ്രതികരിച്ചത്. ഒരു ലക്ഷ്യബോധവുമില്ലാത്ത ഒരു പ്രതിപക്ഷത്തെ ആദ്യമായാണ് കാണുന്നതെന്നായിരുന്നു മോദിയുടെ വിമര്‍ശനം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മോദിയെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന പരാജിതരുടെയും അവശരായവരുടെയും പ്രതീക്ഷയറ്റവരുടെയും കൂട്ടായ്മയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. മോദിയെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യം ഇതിലൂടെ ലക്ഷ്യമിടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി അതിലൂടെ 2024 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് മേല്‍ മേല്‍ക്കൈ നേടുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തിന് പിന്നില്‍. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *