Breaking News

ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ ചെയ്തിട്ടില്ല; കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വേട്ടയാടുന്നുവെന്ന് ഇ.പി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സി.പി.എം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും എന്നാല്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തെറ്റായ വാക്കുകള്‍ പ്രയോഗിക്കരുതെന്ന് പറയുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലഭിച്ച പരാതി അന്വേഷിക്കുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും വേട്ടയാടല്‍ രാഷ്ട്രീയം കോണ്‍ഗ്രസാണ് നടപ്പിലാക്കുന്നതെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും ചെയ്യുന്നതെന്നും ഇ.പി കുറ്റപ്പെടുത്തി. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സി.പി.എം നിലപാട് സ്വീകരിക്കുന്നതെന്നും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയോട് ആത്മാര്‍ത്ഥമായ ബഹുമാനമുണ്ടെങ്കില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെ ഇ.പി നിശിതമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്നും ഇഎംഎസിനും നായനാര്‍ക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ദുര്‍ബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും ഇ.പി വിശദമാക്കി. ഏത് സമയവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം സജ്ജമാണെന്നും പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ തീരുമാനം ഉടനുണ്ടാകുമെന്നും ഇ.പി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് പ്രശംസനീയമാണെന്നും അക്കാര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ഇ.പി പറഞ്ഞു. അത്തരം നല്ല സംസ്‌കാരം കോണ്‍ഗ്രസിന് ഇല്ലാതെ പോയെന്നും മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം അപക്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ച ഇടത് മുന്നണി യോഗത്തില്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ധാരണ ഉണ്ടെന്നും അതനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും യു.ഡി.എഫ് വിട്ടുവരുന്നതല്ലാതെ വിട്ടുപോകുന്ന പ്രശ്‌നം ഇടത് മുന്നണിയിലില്ലെന്നും ഇ.പി ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *