

എറണാകുളം: വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ.സുധാകരന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായി ബന്ധപ്പെട്ട കേസിലാണ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കെ.പി.സി.സി പ്രസിഡന്റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.

നേരത്തെ, മോന്‍സന്റെ ഡ്രൈവറെ ചോദ്യം ചെയ്ത പോലീസിന് അന്ന് കിട്ടാത്ത മൊഴിയാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുക്കുകയാണ് ചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ആര് മൊഴി നല്‍കിയാലും കേസ് എടുക്കുമോയെന്നും സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ആ ചെളി ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ വി.ഡി.സതീശന്‍ മാറിനില്‍ക്കാന്‍ സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
