Breaking News

വിവാഹം കഴിക്കണം; രാഹുലിനെ ഉപദേശിച്ച് ലാലു പ്രസാദ്

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കണമെന്ന് ഉപദേശിച്ച് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പട്‌നയില്‍ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയായിരുന്നു ലാലു പ്രസാദ് യാദവിന്റെ ഉപദേശം. വിവാഹത്തെക്കുറിച്ചു പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു എന്ന് പറഞ്ഞ ലാലു പ്രസാദ് നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണെന്നും ഈ താടിയൊക്കെ വടിച്ചുകളയണമെന്നും ഉപദേശിച്ചു.

എന്നാല്‍ വിവാഹകാര്യത്തിന് ഒരു ചിരിയില്‍ മറുപടിയൊതുക്കിയ രാഹുല്‍ താടി വെട്ടിയൊതുക്കാമെന്ന് ലാലുവിന് മറുപടി നല്‍കി. അനാരോഗ്യം കാരണം സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന ലാലു പ്രസാദ് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ കാലമായെന്ന് പറഞ്ഞായിരുന്നു ലാലു പ്രസാദ് മാധ്യമ പ്രവര്‍ത്തകരോട് സംസാരം തുടങ്ങിയത്. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *