
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അരി വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുവപ്പ് കാര്‍ഡ്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി വിതരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്. വിഷുക്കിറ്റ് വിതരണം നീട്ടിവയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് അവസാനത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിന് ഇനി ഏപ്രില്‍ 1 മുതലേ വിഷുക്കിറ്റ് വിതരണം സാധ്യമാകൂ. ഏപ്രില്‍ 6നു മുന്‍പ് പരമാവധി പേര്‍ക്കു കിറ്റ് എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനം.
വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോട്ടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷനു പരാതി നല്‍കിയിരുന്നു. രണ്ടും ഏപ്രില്‍ ആറ് കഴിഞ്ഞു വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഭക്ഷ്യക്കിറ്റുകള്‍ ഒരുമിച്ച് വിതരണം ചെയ്ത് കേരള ജനതയെ പറ്റിക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്നാല്‍, സ്പെഷ്യല്‍ അരിയുടെയും കിറ്റിന്റെയും വിതരണത്തില്‍ പ്രതിപക്ഷത്തിന്റെ ഇടപെടല്‍ ജനവിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കം.