Breaking News

ഓപ്പറേഷൻ ‘തൂഫാൻ’: സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ; വൻ ശേഖരം പിടികൂടി

ആറ്റിങ്ങൽ: ഓപ്പറേഷൻ ‘തൂഫാൻ’യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ആലംകോട് വില്ലേജിൽ മേവർക്കൽ പുതുകുന്ന് ശിവക്ഷേത്രത്തിന് സമീപം എസ്.എസ്. നിവാസിൽ സുധാകരന്റെ മകൻ സുജിത്ത് (47) ആണ് പിടിയിലായത്. സ്‌കൂൾവിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

പ്രതിയുടെ വീടിന് സമീപമുള്ള ഷെഡിൽ നടത്തിയ പരിശോധനയിൽ 17 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വിവിധ ഇനങ്ങളിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പൊലീസ് പിടിച്ചെടുത്തു. ഏകദേശം 1.20 ലക്ഷം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് കണ്ടെടുത്തത്.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ അനുരാജ് എം.എച്ച്., എസ്.ഐ. ഷാൻ, എ.എസ്.ഐ. മുരളീധരൻ പിള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിധിൻ, പ്രേംകുമാർ, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ അന്തർസംസ്ഥാന ലഹരി ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *