

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്. 4,70,750 രൂപ പിഴ ഈടാക്കി. കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.


വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, ഗതാഗത കമ്മീഷണറും എ.ഡി.ജി.പിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിലെയും മോട്ടോര്‍ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.


