

ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിമത നീക്കം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന് വോട്ട് ചെയ്യണമെന്ന് അണികളോട് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ശബ്ദ സന്ദേശം പുറത്തായതോടെയാണ് പാര്‍ട്ടിക്കുള്ളിലെ വിമത നീക്കം വെളിച്ചത്തുവന്നത്. മുണ്ടേല മോഹനന്‍ എന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ശബ്ദ സന്ദേശമാണ് സംസ്ഥാനമൊട്ടാകെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പ്രചരിക്കുന്നത്.

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ഇടതുപക്ഷം ഈ ശബ്ദ സന്ദേശം രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയിയാണ് സി.പി.എമ്മിന് വേണ്ടി മത്സരിക്കുന്നത്. അതേസമയം, ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുകയും തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ സ്വീകരിക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.



