

ആറ്റിങ്ങല്‍: ഉമ്മന്‍ചാണ്ടി അനുകരണീയനായ നേതാവെന്ന് അടൂര്‍ പ്രകാശ് എം.പി. ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് ബീക്കണ്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്റെ നേതൃഗുണവും സഹജീവികളോടുള്ള സ്‌നേഹവും ജനങ്ങളോടുള്ള പ്രതിപത്തിയും ഏതൊരാള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണെന്നതാണ് യാഥാര്‍ത്ഥ്യം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, ജാതി-മത ചിന്തകള്‍ക്ക് അതീതമായി ജനസേവനം ജീവിതത്തിലുടനീളം അനുഷ്ഠിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടി-അദ്ദേഹം പറഞ്ഞു.

സൗമ്യതയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശത്തോടെയല്ലാതെ അദ്ദേഹം ജനങ്ങളുടെ വിഷയം ഒരിക്കലും കൈകാര്യം ചെയ്തിരുന്നില്ല. അദ്ദേഹത്തോടൊപ്പം രണ്ട് തവണ മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് കരുതുന്നത്. ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യ സ്‌നേഹിയെയും രാഷ്ട്രീയ പ്രവര്‍ത്തകനെയും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവുന്നതല്ല-എം.പി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും പരിഹരിക്കാനും അതിയായ താല്‍പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അദ്ദേഹം ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ ജനസമ്പര്‍ക്ക പരിപാടി. ലക്ഷോപലക്ഷം നിരാലംബരായ മനുഷ്യരുടെ പ്രശ്‌നങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം മനസിലാക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്തത്. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷയുമായി വരുന്ന എല്ലാവരും അതിന് അര്‍ഹരാണോയെന്ന സംശയം ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ എന്നെ കാണാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വരുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായും അല്ലാതെയും ഒക്കെ പ്രശ്‌നങ്ങള്‍ നേരിടുന്ന പാവങ്ങളാണ്. അല്ലാതെയുള്ളവര്‍ വളരെ ചെറിയൊരു വിഭാഗം മാത്രമേ ഉണ്ടാകൂ. ആ ചെറിയ വിഭാഗത്തെയല്ല, ബഹുഭൂരിപക്ഷം വരുന്ന സഹായത്തിന് അര്‍ഹരായ പാവപ്പെട്ട ജനങ്ങളെയാണ് ഞാന്‍ പരിഗണിക്കുന്നത്. അവരെ ഒഴിവാക്കാന്‍ എനിക്കാവില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ആ മറുപടി ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ അനുഭവസമ്പത്തായാണ് ഞാന്‍ കാണുന്നത്-എം.പി വ്യക്തമാക്കി.

മാത്രമല്ല, അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി മാതൃകയാക്കാന്‍ ഞങ്ങള്‍ മന്ത്രിമാര്‍ക്ക് ഉപദേശവും അനുവാദവും പ്രോത്സാഹനവും നല്‍കിയിരുന്നു. ആ പ്രോത്സാഹനവും ഉപദേശവുമാണ് റവന്യു മന്ത്രിയായിരുന്നപ്പോള്‍ എനിക്ക് ജനസമ്പര്‍ക്ക പരിപാടിയിലൂടെ കേരളത്തിലെ 14 ജില്ലകളിലും റവന്യു അദാലത്ത് നടത്താനും ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പ്രേരകശക്തിയായത്. അങ്ങനെ ഏതൊരു സാധാരണ മനുഷ്യര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം ഇന്ന് നമ്മുടെ കൂടെയില്ലായെന്നത് അത്യന്തം വേദനാജനകമായ കാര്യമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കേരളക്കരയൊകെ കണ്ണീരണഞ്ഞ് നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളും അദ്ദേഹത്തില്‍നിന്ന് ലഭിച്ച വിലപ്പെട്ട ഉപദേശങ്ങളും എന്റെ ഓര്‍മ്മയില്‍ എക്കാലവും ഉണ്ടാവും -അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.