Breaking News

ജനനായകന്‍ ഇനിയില്ല; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിടപറഞ്ഞു

ബംഗളുരു: ജനനായകന്‍ ഇനി ഓര്‍മ്മ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി(79) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രിയ നേതാവിനെയാണ് മലയാളിക്ക് നഷ്ടമാവുന്നത്. ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ ഏതാവശ്യങ്ങള്‍ക്കും എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ ലോകത്ത് സൗമ്യതയുടെയും സ്‌നേഹത്തിന്റയും പ്രതീകമായിരുന്ന ഉമ്മന്‍ചാണ്ടി നിരവധി വികസന പദ്ധതികളിലൂടെ ജനമനസുകളില്‍ ഇടംപിടിച്ച നേതാവാണ്.

ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം ബംഗളുരുവില്‍നിന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും. അവിടെനിന്ന് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസില്‍ എത്തിക്കും. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. പൊതുദര്‍ശനം കഴിഞ്ഞ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും തുടര്‍ന്ന് ഇന്ദിരാഭവനിലും ഭൗതികദേഹം എത്തിക്കും. അവിടെവച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹത്തില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ച ശേഷം രാത്രി പുതുപ്പള്ളി ഹൗസില്‍ എത്തിക്കും. രാവിലെ 7 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം കഴിഞ്ഞ് ഭൗതികദേഹം രാത്രിയോടെ പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികന്‍ ആയിരുന്ന നേതാവ് എന്ന ഖ്യാതിയും ഉമ്മന്‍ചാണ്ടിക്ക് സ്വന്തമാണ്. നീണ്ട 53 വര്‍ഷമാണ് അദ്ദേഹം കേരള നിയമസഭയില്‍ സാമാജികനായിരുന്നത്. 1970 മുതല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ നായകന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു പുതുപ്പള്ളിക്കാര്‍ കുഞ്ഞൂഞ്ഞെന്ന് സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്നു ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍. 2004-2006, 2011-2016 കാലഘട്ടങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31 നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവില്‍ അംഗമായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എ.ഐ.സി.സി അംഗവുമായി. 1970-ല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന പുതുപ്പള്ളി ഉമ്മന്‍ചാണ്ടി കന്നിയങ്കത്തില്‍തന്നെ പിടിച്ചെടുത്തു. സി.പി.എം എം.എല്‍.എയായിരുന്ന ഇ.എം.ജോര്‍ജിനെ 7288 വോട്ടുകള്‍ക്കായിരുന്നു ഉമ്മന്‍ചാണ്ടി തറപറ്റിച്ചത്. പിന്നീട് 1977, 1980, 1982, 1987, 1991, 2001, 2006, 2011, 2016, 2021 തുടങ്ങി എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയില്‍ എത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *