Breaking News

ലീനാമണി കൊലക്കേസ്: നാലാം പ്രതി റഹീന അറസ്റ്റില്‍

അറസ്റ്റിലായ റഹീന

വര്‍ക്കല: വര്‍ക്കല അയിരൂര്‍ കളത്തറയില്‍ ലീനാമണിയെ അടിച്ചുകൊന്ന കേസില്‍ നാലാം പ്രതി അറസ്റ്റില്‍. ലീനാമണിയുടെ ഭര്‍ത്തൃസഹോദരനും കേസിലെ രണ്ടാം പ്രതിയുമായ അഹദിന്റെ ഭാര്യയുമാണ് അറസ്റ്റിലായ റഹീന. റഹീനയും ലീനാമണിയെ മര്‍ദ്ദിച്ചുവെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന ദിവസം തന്നെ റഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് റഹീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ലീനാമണി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ലീനാമണിയെ ഗുരുതരമായ പരിക്കുകളോടെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതോടെയാണ് സ്വത്തിന്റെ പേരില്‍ ലീനാമണിക്ക് ഭര്‍തൃസഹോദരന്മാരില്‍നിന്ന് ഉപദ്രവം ഉണ്ടായിത്തുടങ്ങിയത്. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ലീനാമണിയുടെ വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതികള്‍ കമ്പിപ്പാരകൊണ്ട് മര്‍ദ്ദിച്ചത്.

കേസിലെ പ്രതി അഹദും കുടുംബവും അടുത്തിടെ ലീനാമണി താമസിക്കുന്ന സിയാദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസും നിലനിന്നിരുന്നു. വര്‍ക്കല കോടതി ലീനാമണിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുമായി അയിരൂര്‍ പോലീസ് ലീനാമണിയുടെ വീട്ടിലെത്തിയതിന്റെ പിറ്റേദിവസമാണ് ലീനാമണി കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗം കൊലപാതകം നടന്ന വീട്ടിലെത്തി തെളിവ് ശേഖരണം നടത്തി. രാവിലെ 10 മണിയോടെയാണ് ഫോറന്‍സിക് വിദഗ്ധര്‍ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനായി എത്തിയത്. അയിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടന്നത്. അതേസമയം, കേസിലെ പ്രതികളായ ഷാജി, അഹദ്, മുഹ്സിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ ഒളിത്താവളത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെതന്നെ പ്രതികളെ പിടികൂടുമെന്നും അയിരൂര്‍ പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *