Breaking News

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇടയ്‌ക്കോട് ഊരുപൊയ്ക മങ്കാട്ടുമൂല ആതിരഭവനില്‍ ബാബുവിന്റെ മകന്‍ അരുണ്‍(33) ആണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ആലംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വളരെ തന്ത്രപരമായിട്ടായിരുന്നു തട്ടിപ്പ്. ചെമ്പ്-വെള്ളി ആഭരണങ്ങളില്‍ ആകെ തൂക്കത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണ്ണം പൂശിയാല്‍ പ്രാഥമിക പരിശോധനയില്‍ പിടിക്കപ്പെടില്ല എന്ന് പ്രതികള്‍ മനസിലാക്കി. ഇത്തരത്തില്‍ സ്വര്‍ണ്ണം പൂശിയ ആഭരണങ്ങളാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിച്ചില്ല. മാത്രമല്ല, വ്യാജ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ഉത്തരേന്ത്യാക്കാരുടെ പേരിലെടുത്ത സിം കാര്‍ഡ് എന്നിവയായിരുന്നു പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

ബാംഗ്ലൂരില്‍നിന്നാണ് ഇവര്‍ സ്വര്‍ണ്ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്. നിയമപരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങള്‍ സാധാരണ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് മനസിലാക്കാന്‍ സാധിക്കില്ല. സ്ത്രീകള്‍ മാനേജര്‍മാരായി ഇരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ വളരെ നല്ല രീതിയിലുള്ള വേഷവിധാനത്തിലെത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ആലംകോടുള്ള ധനകാര്യ സ്ഥാപനത്തിന് പുറമേ മറ്റ് പല സ്ഥാപനങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിക്കാണുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ പരിശോധനയില്‍ പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാര്‍ കാര്‍ഡുകളുടെ കോപ്പികള്‍ പ്രതികളില്‍നിന്നും കണ്ടെടുത്തു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഗോപകുമാര്‍.ജി, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു.എം.എസ്, എസ്.സി.പി.ഒമാരായ ശരത്കുമാര്‍.എല്‍.ആര്‍, പ്രേംകുമാര്‍, സി.പി.ഒ വിഷ്ണുലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *