

ഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മലയാള ചിത്രമായ ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി കന്നട നടന്‍ ഋഷഭ് ഷെട്ടിയെയും നടിമാരായി മലയാളിയായ നിത്യ മേനോനെയും മാനസി പരേഖിനെയും തെരഞ്ഞെടുത്തു. കാന്തരയെന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ നിത്യ മേനോനും കച്ച് എക്‌സ്പ്രസ് എന്ന ഗുജറാത്തി ചിത്രത്തിലൂടെ മാനസി പരേഖറും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മലയാള ചിത്രമായ ആട്ടത്തിന് മികച്ച ചിത്രം, എഡിറ്റിംഗ്, തിരക്കഥ എന്നിങ്ങനെ 3 അവാര്‍ഡുകളാണ് ലഭിച്ചത്. 2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.




മറ്റ് അവാര്‍ഡുകള്‍: മികച്ച ജനപ്രിയ ചിത്രം-കാന്താര, മികച്ച സംവിധായകന്‍-സൂരജ്.ആര്‍.ബര്‍ജാത്യ(ഉഞ്ചായ്), മികച്ച വിഎഫ്എക്‌സ് ചിത്രം-ബ്രഹ്‌മാസ്ത്ര, മികച്ച സഹനടി-നീന ഗുപ്ത(ഉഞ്ചായി), മികച്ച സംഗീത സംവിധായകന്‍-പ്രീതം(ബ്രഹ്‌മാസ്ത്ര), പ്രത്യേക പരാമര്‍ശങ്ങള്‍: മനോജ് ബാജ്പേയി(ഗുല്‍മോഹര്‍), സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. മികച്ച ഹിന്ദി ചിത്രം-ഷര്‍മിള ടാഗോറിന്റെ ഗുല്‍മോഹര്‍, മികച്ച ബാലതാരം-ശ്രീപഥ്(മാളികപ്പുറം), മികച്ച ഗായിക-ബോംബെ ജയശ്രീ(സൗദി വെള്ളക്ക), മികച്ച പശ്ചാത്തല സംഗീതം-എ.ആര്‍.റഹ്‌മാന്‍(പൊന്നിയിന്‍ സെല്‍വന്‍), മികച്ച എഡിറ്റര്‍-മഹേഷ് ഭൂവാനന്ദന്‍(ആട്ടം), മികച്ച ചിത്ര സംയോജനം-ആട്ടം, മികച്ച ആക്ഷന്‍ ഡയറക്ഷന്‍-കെജിഎഫ്, മികച്ച കന്നഡ ചിത്രം-കെജിഎഫ് 2, മികച്ച മലയാള ചിത്രം-സൗദി വെള്ളക്ക, മികച്ച ഡോക്യുമെന്ററി-മര്‍മേഴ്‌സ് ഓഫ് ജംഗിള്‍, മികച്ച അനിമേഷന്‍ ചിത്രം-കോക്കനട്ട് ട്രീ, മികച്ച സംഗീതം-വിശാല്‍ ശേഖര്‍, മികച്ച സിനിമാ നിരൂപണം-ദീപക് ദുഹ.


