Breaking News

വര്‍ക്കലയില്‍ ഒരു കോവിഡ് മരണം കൂടി; ആകെ മരണം 16 ആയി

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല നഗരസഭാ പരിധിയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നടയറ പുല്ലാന്നിക്കോട് മൂപ്പക്കുടി വീട്ടില്‍ ഷീജ ബീവി(37)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 12ന് വൈകിട്ട് നാലുമണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ നഗരസഭാ പരിധിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി.
ഈ മാസം 4ന് ഷീജ ബീവി ചുമ, പനി എന്നീ ലക്ഷണങ്ങളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. പനി മാറാനുള്ള മരുന്നുകള്‍ നല്‍കി പറഞ്ഞയയ്ക്കുകയായിരുന്നു ഉണ്ടായത്. എന്നാല്‍ 8-ാം തീയതി രോഗം മൂര്‍ച്ഛിച്ച് അവശനിലയിലായ ഷീജ ബീവിയെ വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് ആംബുലന്‍സ് വരുത്തിയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടപ്പോള്‍ കോവിഡ് സ്ഥിരീകരിക്കാത്തതിനാല്‍ ആംബുലന്‍സ് അയയ്ക്കാനാവില്ലെന്നായിരുന്നു മറുപടിയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. തുടര്‍ന്ന് വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഷീജാ ബീവിയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു. തുടർ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.
ഇവര്‍ വീടിന് സമീപമുള്ള കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു. എന്നാല്‍, ഈ വിവരം ആദ്യം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടറെ അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷീജാ ബീവിയെ കൂടാതെ ഭര്‍ത്താവ് നിസാമുദ്ദീന്‍, മക്കളായ ജാസ്മി, ജസ്‌ന, ഫാത്തിമ എന്നിവരാണ് വീട്ടിലുള്ളത്. ഇവര്‍ നാല് പേരും വീട്ടില്‍ത്തന്നെ ക്വാറന്റീനില്‍ തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *