
തിരുവനന്തപുരം: തങ്ങളുടെ കൈവശമുള്ള വകുപ്പുകള്‍ വിട്ടുകൊടുക്കുന്നതില്‍ സി.പി.ഐ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ മന്ത്രിമാരുടെ വകുപ്പ് നിര്‍ണ്ണയം എല്‍.ഡി.എഫിന് തലവേദനയാകും. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസിന് ഒന്ന് മാത്രമേ നല്‍കാനാവൂയെന്ന് സി.പി.എം ഇതിനോടകം തന്നെ ജോസ്.കെ.മാണിയെ അറിയിച്ചിട്ടുണ്ട്.
ഇതോടെയാണ് നിര്‍ണായക വകുപ്പ് നല്‍കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. കേരള കോണ്‍ഗ്രസിനുവേണ്ടി കൈവശമുള്ള ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. ചീഫ് വിപ്പ് പദവി കൈമാറാന്‍ ഒരുപക്ഷേ സി.പി.ഐ തയാറായേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. ധനകാര്യം, വിദ്യാഭ്യാസം, വ്യവസായം, തദ്ദേശം തുടങ്ങിയ പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാന്‍ സി.പി.എമ്മും തയാറാവില്ലെന്നാണ് സൂചന. വിദ്യാഭ്യാസം, പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍ എന്നിവയായിരുന്നു പി.ജെ.ജോസഫ് എല്‍.ഡി.എഫിനൊപ്പം നിന്ന സമയത്ത് കേരള കോണ്‍ഗ്രസിന് നല്‍കിയത്. എന്നാല്‍, വൈദ്യുതി വകുപ്പ് വിട്ടുനല്‍കാന്‍ സി.പി.എം തയാറായേക്കും. വൈദ്യുതി വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന വൈദ്യുതി ബോര്‍ഡ് ആണെന്നിരക്കെ വകുപ്പ് വിട്ടുനല്‍കുന്നതില്‍ നഷ്ടമില്ലെന്നാണ് സിപിഎം നേതാക്കളുടെ ചിന്ത.
തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചൊവ്വാഴ്ച സി.പി.എമ്മിന്റെ സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം ചേരും. നിലവിലെ സാഹചര്യത്തില്‍ വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞു സത്യപ്രതിജ്ഞ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡിന്റെയും മഴയുടെയും സാഹചര്യത്തില്‍ തീയതിയില്‍ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇടതുമുന്നണി നേതൃത്വം സൂചിപ്പിക്കുന്നു.