
വർക്കല: രണ്ടുദിവസമായി നിലക്കാതെ പെയ്യുന്ന മഴയിലും കാറ്റിലും വർക്കല താലൂക്കിൽ കനത്ത നാശനഷ്ടം. താലൂക്കിൽ തന്നെ വർക്കല നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം കണക്കാക്കുന്നത്. പലഭാഗങ്ങളിലും വൻമരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീഴുകയോ ഒടിഞ്ഞു വീഴുകയോ ചെയ്തിട്ടുണ്ട്. വീടുകൾക്ക് മുകളിലും മരങ്ങൾ വീണിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വർക്കല ഫയർഫോഴ്സും പോലീസ് സേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. രാപകൽ വ്യത്യാസമില്ലാതെയാണ് ഫയർഫോഴ്സിനെയും പോലീസിനെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കെഎസ്ഇബി യും രംഗത്തിറങ്ങി.സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്
വർക്കല ടൗൺ, വെട്ടൂർ, അഞ്ചുതെങ്ങ്, ഇടവ, റാത്തിക്കൽ , വിളബ്ഭാഗം, ചെറുന്നിയൂർ, പുന്നമൂട്, മേഖലകളിലാണ് മഴക്കെടുതി കൂടുതൽ ബാധിച്ചത്. പുത്തൻചന്ത മിഷൻ ആശുപത്രിക്ക് മുന്നിലുള്ള വലിയ മരം ഇന്നലെ പിഴുതു വീണു. റോഡിലേക്ക് മറിഞ്ഞ മരം വീണ് എതിർവശത്തുള്ള പൂക്കട തകർത്തതായാണ് ലഭിക്കുന്ന വിവരം. ഇലക്ട്രിക് ലൈനുകളും പൊട്ടിവീണു. വർക്കല മിഷൻ ആശുപത്രിക്കു സമീപമുള്ള വലിയ മരവും ഇന്നലത്തെ മഴയിലും കാറ്റിലും പിഴുത് വീണു. റോഡിലേക്ക് മറിഞ്ഞ മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി വീണു. കണ്ണുവാശ്രമം, മന്നാനിയ കോളേജിന് സമീപം മൂന്നു മരങ്ങളാണ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇലക്ട്രിക് പോസ്റ്റുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
ചിലക്കൂർ ആലിയിറക്കത്ത് വിപിന്റെ വീടിനുമുകളിൽ പുളിമരം വീണ് വീട് തകർന്നു. ഷീറ്റ് അടിച്ച മേൽക്കൂരയുള്ള വീടിന് മുകളിലേക്കാണ് മരം വീണത്.ചെറുകുന്നത്ത് മോഹനൻ എന്നയാളിന്റെ വീടിന് മുകളിലും വലിയ മരം വീണു വീട് തകർന്നിട്ടുണ്ട്. ഇതുകൂടാതെ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീഴുകയോ, ഒടിഞ്ഞു വീഴുകയോ ചെയ്തിട്ടുണ്ട്. ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തും ആലിയിറക്കത്തും ട്രാൻസ്ഫോമർ ഇലക്ട്രിക് പോസ്റ്റിനൊപ്പം മറിഞ്ഞുവീണു. വർക്കല താലൂക്കിൽ ഭൂരിഭാഗം പ്രദേശത്തും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി തകരാറുകൾ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.
വർക്കല ഫയർഫോഴ്സ് രണ്ട് ടീമുകൾ ആയിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ ടീമിലും 5 അംഗങ്ങളാണുള്ളത് കല്ലമ്പലത്ത് നിന്ന് 6 അംഗങ്ങളുള്ള ഒരു ടീമും പാറശാല ഫയർ സ്റ്റേഷനിൽ നിന്ന് 6 അംഗങ്ങളുള്ള രണ്ട് ടീമും വർക്കലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിയിട്ടുണ്ട്. മിക്കസ്ഥലങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് മണിക്കൂറുകളാണ് എടുക്കുന്നത്. കഴിഞ്ഞദിവസം പുന്നമൂട് ജംഗ്ഷനിലെ വലിയ ആൽമരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ 5 മണിക്കൂർ ആണ് എടുത്തത്.








