

വിതുര: കുട്ടിക്കാലം മുതൽ അനുഭവിച്ച ദുരിതങ്ങൾ അശ്വിൻ ജീവിതത്തിന്റെ മായാജാല പരീക്ഷണങ്ങളായെടുത്തു. ഇപ്പോൾ 23-ാം വയസ്സിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടുമ്പോൾ അതിന് കടപ്പാട് ജീവനോപാധിയും ജീവശ്വാസവുമായ മാന്ത്രികകലയോടും. ഒരു മിനിറ്റിൽ പതിനെട്ട് മാന്ത്രിക ഇനങ്ങൾ അവതരിപ്പിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ അശ്വിൻ വിതുരയെന്ന മലയോരഗ്രാമത്തിന്റെ കണ്ണനാണ്. അമ്മയ്ക്കുണ്ടായ മാനസികാസ്വാസ്ഥ്യങ്ങളും അച്ഛൻ സ്വയം മരണത്തിലേക്കു നടന്നുകയറുന്നതും കുഞ്ഞുപ്രായത്തിലേ അശ്വിൻ കണ്ടു. കൈക്കുഞ്ഞായിരുന്ന സഹോദരി ഐശ്വര്യയെ തന്റെ സഹോദരിയെ ഏൽപ്പിച്ചശേഷമാണ് അച്ഛൻ വിജയൻ ആത്മഹത്യചെയ്തത്. ഒറ്റയ്ക്കായ അശ്വിന് അച്ഛമ്മ വിശാലാക്ഷി താങ്ങും തണലുമായി. കടംവാങ്ങിയും കൂലിവേലചെയ്തും അവർ കൊച്ചുമകനെ പഠിപ്പിച്ചു.
വിതുര ഹൈസ്കൂളിൽനിന്നു നല്ല മാർക്കോടെ എസ്.എസ്.എൽ.സി. വിജയിച്ചു. വി.എച്ച്.എസ്.സി.ക്ക് പ്രവേശനം ലഭിച്ചപ്പോൾ യൂണിഫോമിനു പണമില്ലാതെ സ്കൂളിലെ പരാതിപ്പെട്ടിയിൽ കത്തെഴുതിയിടേണ്ടിവന്നു അശ്വിന്. ആ കത്ത് വായിച്ച ഒരു അധ്യാപിക നൽകിയ 350 രൂപ ജീവിതത്തിൽ ദൈവം കാട്ടിയ വലിയൊരു മാജിക്കാണെന്ന് അശ്വിൻ പറയുന്നു. അമ്പലപ്പറമ്പിൽ കണ്ട മായാജാലമാണ് അശ്വിനെ ഈ മേഖലയിലേക്ക് ആകർഷിച്ചത്. സ്വയം പഠിച്ച മാന്ത്രികവിദ്യകൾക്കു പുറമേ വെള്ളനാട്ടുള്ള പി.സി.സേനന്റെ ശിഷ്യത്വം സ്വീകരിച്ചു. പ്ലസ്ടു പരീക്ഷാസമയത്ത് അച്ഛമ്മ മരിച്ചതോടെ ജീവിതം വീണ്ടും ഇരുട്ടിലായി. ഒടുവിൽ കഴക്കൂട്ടത്തുള്ള, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെത്തി. മുതുകാടിന്റെ സംഘത്തിലെ കലാകാരനായിട്ട് ഏഴുവർഷം കഴിഞ്ഞു. ഇതിനിടയിലാണ് റെക്കോഡ് സ്വന്തമാക്കിയ പ്രകടനം. നിമിഷങ്ങൾകൊണ്ട് പതിനെട്ടു മാന്ത്രികവിദ്യകൾ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കുകയെന്ന നേട്ടം നിരന്തര പരിശീലനത്തിനൊടുവിലാണ് കൈവരിച്ചത്. ഏഷ്യാ റെക്കോഡും ലോക റെക്കോഡുമാണ് അടുത്ത ലക്ഷ്യം. മാജിക് പ്ലാനറ്റിലെ വില്ലയിലാണ് ഇപ്പോൾ താമസം.
ആനപ്പെട്ടിയിലെ വീട് താമസയോഗ്യമല്ല. ഒരു വീടിനായി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഓർമകൾ നഷ്ടമായ അമ്മ ചിറയിൻകീഴിലുള്ള അനാഥമന്ദിരത്തിലാണിപ്പോൾ. ഗുരുനാഥന്‍റെയും തന്നെ സ്നേഹിക്കുന്നവരുടെയും പ്രാർഥനകളും സഹായവുമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വഴിവിളക്കുകളാകുന്നതെന്ന് അശ്വിൻ ആവർത്തിക്കുന്നു.