

അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു; തെരുവ് നായകള്‍ കടിച്ചു വലിച്ച നിലയില്‍
ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മാമ്പള്ളി പള്ളിക്ക് പുറകുവശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റ നോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായകള്‍ മൃതദേഹം കടിച്ചു വലിച്ചു. തുടര്‍ന്നാണ് തെരുവ് നായകള്‍ കടിച്ചു വലിക്കുന്നത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്.

ഉടന്‍ തന്നെ പ്രദേശവാസികള്‍ വിവരം അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.

