

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് എല്ലാവര്ക്കും നല്‍കില്ലെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സപ്ലൈകോയ്ക്ക് ഉടന്‍ തന്നെ കുറച്ച് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പറഞ്ഞ മന്ത്രി കോവിഡ് കാലത്ത് എല്ലാവര്ക്കും ഓണക്കിറ്റി നല്‍കിയിരുന്നെന്നും എന്നാല്‍ അതുപോലെ ഇത്തവണ എല്ലാവര്ക്കും ഓണക്കിറ്റ് ലഭിക്കില്ലെന്നും വ്യക്തമാക്കി.

കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവ്, കേന്ദ്രം നികുതി വിഹിതം അനുവദിക്കുന്നില്ല, കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹം കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉന്നയിച്ച മന്ത്രി ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പൊതുമേഖലയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുമാണ് ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു. കെ.എസ്.ആര്.ടി.സിയുടെ ഭാഗത്തുനിന്നും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.