

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇന്നിതുവരെ 3,30,468 പേര്‍ക്കാണ് കിറ്റ് നല്‍കിയത്. ഇനി 2,57,223 പേര്‍ക്കാണ് കിറ്റ് ലഭിക്കാനുണ്ട്. അവര്‍ക്കുകൂടി ഇന്നുതന്നെ കിറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ കട പകല്‍ മുഴുവന്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് വൈകിട്ടോടെ മുഴുവന്‍ പേര്‍ക്കും കിറ്റുകള്‍ ലഭിക്കുന്ന രീതിയിലുള്ള സജീകരണങ്ങളൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.


ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഉത്രാടത്തിന്റെ തലേന്ന് പോലും ജനങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി മറികടന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ന് കിറ്റ് വിതരണം പുരോഗമിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.


