

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ അദാലത്ത് ആഗസ്റ്റ് 21 ന് നടക്കും. വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ സ്വാഗതം ആശംസിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുക്കും.




തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍തല അദാലത്ത് ഓഗസ്റ്റ് 29ന് കോര്‍പ്പറേഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നടക്കും.



