Breaking News

കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്

തിരുവനന്തപുരം: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ) അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്. സെപ്റ്റംബര്‍ 3 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കാനാണ് സമഗ്ര ശിക്ഷാ കേരള സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സംഘടനയായ (കെ.ആര്‍.ടി.എ) തീരുമാനമെടുത്തിട്ടുള്ളത്. സംഘടനയുടെ ജില്ലാതല നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. അനിശ്ചിതകാല സത്യാഗ്ര സമരത്തിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 21 മുതല്‍ 31 വരെ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന/ജില്ലാ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. കെ.ആര്‍.ടി.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 21 ന് സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സമഗ്ര ശിക്ഷാ കേരളയ്ക്കുള്ള അര്‍ഹമായ കേന്ദ്ര വിഹിതം അടിയന്തിരമായി നല്‍കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സമഗ്ര ശിക്ഷാ കേരളയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ശമ്പളം സമയബന്ധിതമായി നല്‍കുക, ശമ്പള വര്‍ദ്ധന അടിയന്തിരമായി നടപ്പാക്കുക, കേന്ദ്ര സര്‍ക്കാര്‍ അധിക തുക അനുവദിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുക, പൊതുവിദ്യാലയങ്ങളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തിക സൃഷ്ടിച്ച് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തുക, സ്ഥിരപ്പെടുത്താനുള്ള കേന്ദ്ര വിഹിതം അനുവദിക്കുക, 2021 ഒക്ടോബര്‍ 28 ലെ സുപ്രീംകോടതി വിധി, കേരള നിയമസഭ പതിനഞ്ചാമത് എസ്റ്റിമേറ്റ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ നടപ്പിലാക്കി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിലെ കാല താമസം അവസാനിപ്പിക്കുക, 2020-21 സാമ്പത്തിക വര്‍ഷം മുതലുള്ള സറണ്ടര്‍ ആനുകൂല്യം നല്‍കുക, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ ക്കനുസരിച്ച് മാത്രം നടപ്പിലാക്കുക, നിലവിലെ അപാകതകള്‍ പരിഹരിക്കുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പ്രതിദിന ടിഎ 300 രൂപയായി വര്‍ദ്ധിപ്പിക്കുക, പരിശീലനങ്ങള്‍ക്കുള്ള ടി.എ ശമ്പളത്തിന് ആനുപാതികമായി നല്‍കുക, സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഉത്തരവുകള്‍ക്ക് വ്യക്തത ഉണ്ടാവുക, ഏകീകരിച്ച രീതിയില്‍ ജില്ലകളില്‍ നടപ്പില്‍ വരുത്തുക, ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സമയ ബന്ധിതമായി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ) അനിശ്ചിതകാല സത്യാഗ്രഹം സമരത്തിലേക്ക് കടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *