Breaking News

10 ഏക്കര്‍ ഭൂമി കാടു കയറി; കാട്ടുമൃഗങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം, പൊറുതിമുട്ടി നാട്ടുകാര്‍

ആറ്റിങ്ങല്‍. ആറ്റിങ്ങല്‍ പട്ടണത്തില്‍ കാടുകയറിക്കിടക്കുന്ന പത്തേക്കര്‍ ഭൂമിയില്‍ കാട്ടുമൃഗങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കര ആയിരവല്ലി ക്ഷേത്രത്തിന് സമീപത്തെ 10 ഏക്കറോളം വരുന്ന സ്വാകാര്യ ഭൂമിയാണ് ഉടമസ്ഥര്‍ തിരിഞ്ഞു പോലും നോക്കാതെ പാഴ്മരങ്ങള്‍ വളര്‍ന്നും കാടുകയറിയും വനത്തിന് തുല്യമായ അവസ്ഥയിലായത്. പാമ്പ്, പന്നി, മുളന്‍പന്നി തുടങ്ങിയവയുടെ ആവാസ കേന്ദമായി ഇവിടം മാറിക്കഴിഞ്ഞു. ഇതുമൂലം പരിസരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതമനുഭവിച്ച് വരുകയാണെന്ന് നാട്ടുക്കാര്‍ പറയുന്നു.

7 വര്‍ഷമായി ഇത്തരത്തില്‍ പ്രദേശം കാടുകയറി കിടക്കുന്നതിനാല്‍ കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകാന്‍ തുടങ്ങിയത് കാരണം പ്രദേശത്തെ കൃഷി അവസാനിപ്പിച്ചു. കൂടാതെ കാട്ടുപന്നിയുടെയും പാമ്പിന്റെയും ശല്യം കാരണം ഈ പ്രദേശങ്ങളില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. നിരവധി കന്നുകാലികളും പോത്തുകളുമാണ് പാമ്പിന്റെ കടിയേറ്റ് ചത്തതെന്നും ഇതു കാരണം ജീവതമാര്‍ഗം വഴിമുട്ടിയ സാഹചര്യമാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വിഷയം ആദ്യ കാലങ്ങളില്‍ വാര്‍ഡ് സഭകളില്‍ ഉന്നയിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ല. തുടര്‍ന്ന് ഈ വിഷയങ്ങള്‍ ചൂണ്ടികാട്ടി നിരവധി തവണ നഗരസഭക്ക് പരാതികള്‍ നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.

സ്ഥല പരിശോധന നടത്തിയതില്‍ പരാതിയില്‍ പറയുന്ന വസ്തുവിന്റെ ഉടമയുടെ വിവരങ്ങള്‍ പരിസരവാസികളില്‍ നിന്നും അറിയാന്‍ സാധിച്ചിട്ടില്ലെന്നും, അതിന്റെ അടിസ്ഥാനത്തില്‍ വസ്തുവിന്റെ ഉടമയുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കാണിച്ച് കിഴുവിലം വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണെന്നും മറുപടി ലഭ്യമാക്കുന്ന മുറക്ക് പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ മാസം നാട്ടുക്കാര്‍ നല്‍കിയ പരാതിക്ക് നഗരസഭ മറുപടി നല്‍കിയതല്ലാതെ യാതെരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും നാടുകാര്‍ ആരോപിക്കുന്നു. ഈ പ്രദേശങ്ങളില്‍ പുറത്ത് നിന്ന് വാഹനങ്ങളില്‍ മാലിന്യം കൊണ്ട് തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂടാതെ ഈ പ്രദേശം കാടുകയറി കിടക്കുന്നതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായിമാറിയിരിക്കുകയാണ്. ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നതിനും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ എത്താറുണ്ടെന്നും ഇവരെ ഭയന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് ഇത് വഴിയുള്ള സഞ്ചാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 128 പേര്‍ ഒപ്പിട്ട പരാതി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമി അടിയന്തരമായി വൃത്തിയാക്കുന്നതിനും പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതല്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *