

കണ്ണൂര്‍: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് പുഷ്പന്‍ ലോകത്തോട് വിട പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച കൂത്തുപറമ്പ് സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി പൂര്‍ണ്ണമായും കിടപ്പിലായിരുന്നു പുഷ്പന്‍. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന പുഷ്പന്‍ കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1994 നവംബറിലാണ് പുഷ്പന്റെ പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്‌നാ നാഡി തകര്‍ന്ന് കിടപ്പിലായത്. നാളെ രാവിലെ പുഷ്പന്റെ മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. രാവിലെ 10.30ന് തലശ്ശേരി ഠൗണ്‍ഹാളിലും 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനം കഴിഞ്ഞ് മൃതദേഹം വൈകിട്ട് 5ന് ചൊക്ലിയിലെ വീട്ടില്‍ എത്തിക്കും.


പുഷ്പന്റെ വിയോഗത്തോടെ വിപ്ലവവീര്യത്തിന്റെ പ്രതീകമാണ് സി.പി.എമ്മിന് നഷ്ടമാകുന്നത്. പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പോരാട്ട ഭൂമികയിലെ വീരനായകനായി മാറിയ വ്യക്തിത്വമാണ് പുഷ്പന്റേത്. ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന വിശേഷണമാണ് സി.പി.എം പുഷ്പന് നല്‍കിയിരുന്നത്. കൂത്തുപറമ്പ് സമരത്തില്‍ പുഷ്പനൊപ്പം മുന്‍നിരയിലുണ്ടായിരുന്ന അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി.രാഘവനെ തടഞ്ഞതായിരുന്നു പില്‍ക്കാലത്ത് കൂത്തുപറമ്പ് സമരമെന്ന പേരില്‍ കേരളത്തിന്റെ രാഷ്ട്രീയ സമരചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ഉദ്ഘാടനത്തിനെത്തിയ എം.വി.രാഘവനെ രണ്ടായിരത്തോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.


പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി. ലാത്തിച്ചാര്‍ജ്ജ് വെടിവയ്പായി മാറിയതോടെ സമരഭൂമിയില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ജീവന്‍ പൊലിഞ്ഞുവീണു, ഒപ്പം കഴുത്തില്‍ വെടിയുണ്ടയേറ്റ് സുഷുമ്‌നാ നാഡി തകര്‍ന്ന നിലയില്‍ പുഷ്പനും. അന്ന് മുതല്‍ പാര്‍ട്ടിയുടെ സംരക്ഷത്തിലായിരുന്നു പുഷ്പന്റെ ജീവിതം. അതേസമയം, എന്ത് ആശയത്തിന് എതിരായി പ്രവര്‍ത്തിച്ചാണോ തന്റെ ജീവിതം ബലിനല്‍കിയത് അതേ ആശയത്തിന് തന്റെ പ്രസ്ഥാനം വഴിപ്പെടുന്ന ആശയവൈരുദ്ധ്യത്തിനും പുഷ്പന്‍ സാക്ഷിയായി. കൂത്തുപറമ്പ് വെടിവയ്പിന് കാരണക്കാരനെന്ന് ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ എം.വി.രാഘവനെ രണ്ട് പതിറ്റാണ്ടിന് ശേഷം സി.പി.എം തോളോട് ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്റെ മകനെ സി.പി.എമ്മിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമാക്കി.


അപ്പോഴും ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്ന പുഷ്പന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എല്ലാത്തിനും മീതേ പാര്‍ട്ടിയെയും പ്രത്യ ശാസ്ത്രത്തെയും സ്‌നേഹിച്ച പുഷ്പന്‍ കമ്മ്യൂണിസ്റ്റുകാരനായിത്തന്നെ ജീവിച്ചു. ശരീരം തളര്‍ന്ന് കിടപ്പിലായപ്പോഴും നിലപാടുകളില്‍ മാറ്റമില്ലാതെ ജീവിതാവസാനം വരെ തുടര്‍ന്ന പുഷ്പന്‍ അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിപ്ലവ നായകനാണ്.
