Breaking News

ആരാധനാലയങ്ങൾ ലക്ഷ്യമിട്ട കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ ആറ്റിങ്ങൽ പോലീസിന്റെ വലയിൽ

ആറ്റിങ്ങൽ: പ്രദേശത്തെ ആരാധനാലയങ്ങളിൽ തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കംകെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് സനോജ് (53) ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി. പുനലൂർ, മടവൂർ, ഞാറയിൽകോണം, മയിലാടും പൊയ്ക സ്വദേശിയായ ഇയാൾ പള്ളിയ്ക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും കാപ്പാ നിയമപ്രകാരം അടുത്തിടെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവനുമാണ്.

മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഈ മാസം 4-നാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്ര വാതിൽ പൊളിച്ച് അകത്തുകയറി ഒരു പവൻ സ്വർണ്ണ താലിമാലയും സ്വർണ്ണപൊട്ടുകളും കവർന്നിരുന്നു. കൂടാതെ പതിനെട്ടാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദിനോട് ചേർന്ന മദ്രസയിൽ കഴിഞ്ഞ തിങ്കളാഴ്ച കയറി 15,000 രൂപയും ഇയാൾ മോഷ്ടിച്ചതായി കണ്ടെത്തി.

പുനലൂർ പോലീസിന്റെ സഹായത്തോടെ ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ സിതാര മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരവാളൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ട ഇയാൾ പുഴയിൽ ഇറങ്ങി കൽക്കൂട്ടത്തിൽ ഒളിച്ചിരുന്നുവെങ്കിലും സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ ആത്മഹത്യ ഭീഷണിയും മുഴക്കിയതായി പോലീസ് അറിയിച്ചു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.

കരവാളൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജിന്റെ കൂടുതൽ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുക യാണ്.

ആറ്റിങ്ങൽ മേഖലയിൽ ആരാധനാലയങ്ങളിൽ മോഷണം വർധിച്ചതിനെ തുടർന്ന് DySP ജി. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ISHO അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *