Breaking News

മോഷണത്തിന് വരുന്നതും പോകുന്നതും വിമാനത്തില്‍; സമ്പതി ഉമാ പ്രസാദ് പിടിയില്‍

സമ്പതി ഉമാ പ്രസാദ്

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് എന്ന കുപ്രസിദ്ധ മോഷ്ടാവ് കേരള പോലീസിന്റെ പിടിയില്‍. തിരുവനന്തപുരത്ത് വിവിധ വീടുകളില്‍ നിന്നായി ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം, വജ്ര ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് സമ്പതി ഉമാപ്രസാദ്. ഇയാള്‍ മോഷണത്തിനായി കേരളത്തില്‍ വരുന്നതും മോഷണം നടത്തിയശേഷം തിരിച്ചുപോകുന്നതും വിമാനത്തിലാണ്. വളരെ തന്ത്രപരമായാണ് കേരള പോലീസ് സമ്പതി ഉമാപ്രസാദിനെ കുടുക്കിയത്. കേരളത്തില്‍ എത്തിയാല്‍ ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഇയാള്‍ മോഷണത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ മെയ് 28 നാണ് സമ്പതി ഉമാപ്രസാദ് കേരളത്തിലെത്തിയത്. അത്തവണ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജൂണ്‍ രണ്ടിന് തിരികെ പോവുകയും ചെയ്തു. എന്നാല്‍, ജൂണ്‍ ആറിന് വീണ്ടും തിരുവനന്തപുരത്തെത്തിയ ഉമാപ്രസാദ് പേട്ട, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മൂന്നിടത്ത് കവര്‍ച്ച നടത്തിയ ശേഷമാണ് ജൂലൈ ഒന്നിന് തിരിച്ച് ആന്ധ്രയിലേക്ക് കടന്നത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സമ്പതി ഉമാപ്രസാദ് എന്ന കുപ്രസിദ്ധ മോഷ്ടാവിലേക്ക് എത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് കവര്‍ച്ചയും ഒരാള്‍ തന്നെ ചെയ്തതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഉമാപ്രസാദ് സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ഓട്ടോറിക്ഷ ഡ്രൈവര്‍ വഴി ഉമാപ്രസാദ് താമസിച്ച ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് ഇയാളുടെ വിലാസം പോലീസിന് ലഭിച്ചത്. മോഷണത്തിനായി ഒരു മാസത്തോളം ഉമാപ്രസാദ് കേരളത്തില്‍ തങ്ങിയിരുന്നു.

ഇയാള്‍ വീണ്ടും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് ടിക്കറ്റ് ബുക്കിങ് വിവരങ്ങള്‍ അടക്കം പരിശോധിച്ചു. വരുന്നത് ഉമാപ്രസാദ് തന്നെയെന്ന് സ്ഥിരീകരിച്ച പോലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നു. പ്രതി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നതും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിന്ന് മോഷണ മുതലുകള്‍ ചാക്ക പാലത്തിനടിയില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.

ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയാല്‍ ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോഷണത്തിലേക്ക് തിരിയുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങളോളം നിരീക്ഷിച്ച് ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുക. ഇങ്ങനെ വീടുകള്‍ കണ്ടെത്തി അവ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് മാപ്പുപയോഗിച്ച് വീടുകളിലെത്തി വാതില്‍ തകര്‍ത്തോ, ജനാലയുടെ കമ്പി തകര്‍ത്തോ അകത്തുകടന്നാണ് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *