

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരം സമര്‍പ്പിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാര്‍. വാര്‍ഷിക സ്വത്ത് വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്ത ജീവനക്കാരുടെ സ്ഥാനകയറ്റവും സ്ഥലമാറ്റവും തടയുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരം സമര്‍പ്പിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വത്ത് വിവരം സമര്‍പ്പിക്കാത്തത് ഗുരുതര കൃത്യവിലോപമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് ശിക്ഷണ നടപടിയിലേക്ക് കടക്കുന്നതെന്ന് എ.ജയതിലക് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ശിക്ഷണ നടപടികള്‍ക്ക് വേണ്ട ഭേദഗതികള്‍ ജീവനക്കാരുടെ ചട്ടത്തില്‍ പിന്നീട് വരുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയില്‍ സ്വത്ത് വിവരം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 15 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്വത്ത് വിവരം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാര്‍ക് സോഫ്റ്റ്വെയറില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങുന്നത്.
