

മുംബൈ: രാഷ്ട്രീയ വടംവലിയില്‍ മുമ്പിലെത്തി അജിത് പവാര്‍. എന്‍.സി.പിയെ നെടുകെ പിളര്‍ത്തി പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ നിരവധി എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം കൂടിയതിന് ശേഷം ഇരുവിഭാഗങ്ങളുടെയും ചേരിതിരഞ്ഞുള്ള യോഗം ഇന്ന് നടന്നു. പാര്‍ട്ടിയില്‍ ശക്തനാരെന്ന് അറിയാന്‍ നടത്തിയ യോഗത്തല്‍ ആകെയുള്ള 53 എം.എല്‍.എമാരില്‍ 29 പേര്‍ അജിത് പവാര്‍ വിളിച്ച യോഗത്തിനെത്തി. 13 എം.എല്‍.എമാരെ മാത്രമേ തനിക്കൊപ്പം നിര്‍ത്താന്‍ ശരത് പവാറിന് സാധിച്ചുള്ളൂ. നിലവിലെ സ്ഥിതിയില്‍ ശക്തന്‍ അജിത് പവാര്‍ തന്നെയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

എന്നാല്‍, കൂറുമാറ്റ നിയമത്തിന്റെ പരിധിക്ക് പുറത്തുകടക്കാനുള്ള 36 എന്ന സംഖ്യ തികയ്ക്കാന്‍ അജിത് പവാറിന് ഇനി 7 എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമുണ്ട്. ഇരുയോഗങ്ങളിലും പങ്കെടുക്കാതിരുന്ന 11 എം.എല്‍.എമാരുടെ നിലപാടാണ് ഇനി അജിത് പവാറിനും ശരത് പവാറിനും നിര്‍ണ്ണായകമാകുന്നത്. ഇന്ന് രാവിലെ ബാന്ദ്രയിലാണ് അജിത് പവാര്‍ യോഗം വിളിച്ചത്. ഈ യോഗത്തില്‍ 29 എം.എല്‍.എമാര്‍ പങ്കെടുത്തതോടെ ബാക്കിയുള്ള 24 പേര്‍ ശരത് പവാറിനൊപ്പം അണിനിരക്കുമോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മുംബൈ വൈ.ബി.ചവാന്‍ സെന്ററില്‍ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 13 പേര്‍ മാത്രം എത്തിയതോടെ അധികാര വടംവലിയില്‍ ആര് ജയിക്കുമെന്നതില്‍ വ്യക്തതയില്ലാതായി.

എന്നാല്‍, നിലവില്‍ കാര്യങ്ങള്‍ അജിത് പവാറിന് അനുകൂലമാണെന്നുവേണം കരുതാന്‍. കാരണം, ഇരുയോഗങ്ങളിലും പങ്കെടുക്കാത്ത 11 എം.എല്‍.എമാര്‍ അജിത് പവാറിന് അനുകൂലമായ തീരുമാനമെടുക്കാനാണ് സാധ്യത. നിലനില്‍പ് ആര്‍ക്കാണെന്ന് മനസിലാക്കിയശേഷം അവര്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാടായിരിക്കാം ആ പതിനൊന്ന് പേര്‍ക്കും ഉള്ളതെങ്കില്‍ അധികാര വടംവലിയില്‍ അജിത് പവാര്‍ തന്നെ വിജയിയായും, ഒപ്പം ബി.ജെ.പിയും. അയോഗ്യത സംബന്ധിച്ച് ഇരുവിഭാഗങ്ങളും നേരത്തേതന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, അജിത് പവാറിന് 36എം.എല്‍.എമാരെ തനിക്കൊപ്പം അണിനിരത്താന്‍ സാധിക്കാത്തതില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പരിഹാസവുമായി രംഗത്തെത്തി. ബി.ജെ.പി-എന്‍.സി.പി കൂട്ടുകെട്ടിന്റെ ഒരു വീല്‍ തുടക്കത്തില്‍ തന്നെ പഞ്ചറായി എന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പരിഹാസം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ഇന്ന് യോഗം ചേരുന്നുണ്ട്. അധികം താമസിയാതെ അജിത് പവാര്‍ ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയെ മറികടന്ന് മുഖ്യമന്ത്രിയാകുമെന്നും അതോടെ ബി.ജെ.പി-ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം സഖ്യം പൊളിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ഇന്നത്തെ യോഗത്തില്‍ അജിത് പവാറിനൊപ്പം 29 എം.എല്‍.എമാര്‍ പങ്കെടുത്തത് ശരത് പവാറിനുള്ള ശക്തമായ സന്ദേശമാണെന്ന് അജിത് പവാര്‍ വിഭാഗം എന്‍.സി.പി നേതാവ് ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്നും യഥാര്‍ത്ഥ എന്‍.സി.പി ഏതാണെന്നും മനസിലാക്കൂയെന്നും അജിത് പവാറിനൊപ്പം കൂടിയവര്‍ക്ക് അയോഗ്യരാകേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ശരദ് പവാറിന്റെ ക്യാമ്പ് വിട്ടതെന്നും ഇ.ഡി കേസുകള്‍ ഉള്ളതിനാല്‍ വിട്ടുപോയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.