

വര്‍ക്കല: കുപ്രസിദ്ധ ഗുണ്ടാ നേതാവ് വര്‍ക്കല പോലീസിന്റെ കസ്റ്റഡിയില്‍. വെട്ടൂര്‍ വലയന്റകുഴി തസ്നി മന്‍സിലില്‍ ഷാജഹാന്‍(45) എന്ന ക്രിമിനലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വെട്ടൂര്‍ ഭാഗത്ത് ഇയാളുടെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ നാട്ടുകാര്‍ ഒന്നടങ്കം വിവിധ പരാതികളുമായി വര്‍ക്കല പോലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇന്ന് രാവിലെ 9 മണിയോടെ പ്രതിയെ വീട് റെയ്ഡ് ചെയ്ത് പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്നും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു.

വര്‍ക്കല, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ എന്നീ സ്റ്റേഷനുകളിലായി ബലാല്‍സംഗമുള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. അഞ്ചുതെങ്ങ് സ്റ്റേഷനിലെ ബലാല്‍സംഗ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് പ്രതി വീണ്ടും ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പ്രതിയുടെ ഭാര്യയും മറ്റ് ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ എത്തി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു.
എസ്.ഐ അഭിഷേക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിരാജ്, ഷിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, സേതു, ഷജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
