

ഭാരത ഹൃദയങ്ങള്‍ കീഴടക്കി ലോകഹൃദയങ്ങളില് പടര്‍ന്നു കയറാന്‍ ആദിപുരുഷന് തയ്യാറായി കഴിഞ്ഞിരിക്കുന്നു. രാമായണം എന്ന വീരേതിഹാസത്തിന്റെ വിജയകാഹളങ്ങള്‍ ഭാരത ഹൃദയങ്ങളില്‍ മുഴക്കുവാനും നയനങ്ങള്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിക്കുവാനും തയ്യാറായി നില്ക്കുന്ന ഈ സിനിമ ആബാലവൃദ്ധം ജനങ്ങളിലും തരംഗമാകുമെന്ന് തീര്‍ച്ച. വാത്മീകി രാമായണത്തെ പ്രമേയമാക്കി ഓം റൗത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ 500 കോടി ബഡ്ജറ്റില്‍ ടി- സീരീസും റെട്രോഫിലിസും സംയുക്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രാജധര്‍മ്മത്തിന്റെയും കുടുംബധര്മ്മത്തിന്റെയും സാഹോദര്യ സൗഹൃദ ധര്‍മ്മങ്ങളുടെയും പ്രാധാന്യവും, ഒപ്പം ജീവിതത്തില്‍ ഭക്തിയുടെയും അതു വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചുപറയുന്നതാണ് ഈ ദൃശ്യവിസ്മയം. ധര്മ്മത്തിന് ചുതി സംഭവിക്കുമ്പോള്‍ അതിന്റെ സംരക്ഷണത്തിനായി ഈശ്വരന് അവതാരം എടുക്കും എന്നത് ഗീതാ വാക്യം. ധര്‍മ്മ സംരക്ഷണത്തിനായി ഈശ്വരന് യോഗിവര്യന്മാരായോ ഗുരുഭൂതന്മാരായോ രാജാക്കന്മാരായോ സാമൂഹിക പരിഷ്കര്ത്താക്കളായോ അവതരിക്കുകയോ അല്ലെങ്കില്‍ വിവിധ ആളുകളിലൂടെ അദൃശ്യമായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുകയോ ചെയ്യുമെന്നത് പ്രപഞ്ച സത്യമാകുന്നു.

ഇവിടെ ആദിപുരുഷന് എന്ന സിനിമ സൃഷ്ടിക്കപ്പെട്ടത് അതിന്റെ അണിയറ പ്രവര്‍ത്തകരിലൂടെ പ്രപഞ്ചശക്തി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. അവരെ സംബന്ധിച്ചിടത്തോളം അത് ഈശ്വര നിയോഗം തന്നെയാണ്. നിലവില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതി നേടിക്കൊണ്ടാണ് ആദിപുരുഷന് ജനങ്ങളിലേക്കെത്തുന്നത്.
ഗോകുല്‍ പി മോഹനന് പൈനാവ്
