

വര്‍ക്കല: വര്‍ക്കല നഗരസഭാ പരിധിയില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധ സമരം നടത്തി. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി പ്രോഗ്രാം നഗരസഭയുടെ നടപടികള്‍ തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ.ആര്‍.അനില്‍കുമാര്‍ ആരോപിച്ചു. നഗരസഭാ ഭരണസമിതിയുടെ കഴിവുകേട് കൊണ്ടാണ് വര്‍ക്കലയിലെ ജനങ്ങള്‍ തെരുവ് നായ ശല്യം കാരണം ദുരിതമനുഭവിക്കുന്നത്. വാക്‌സിനേഷന്‍ പദ്ധതിയും പരാജയമാണ്. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് അവയുടെ എണ്ണം നിയന്ത്രിച്ച് തെരുവ് നായ ശല്യത്തിന് അറുതി വരുത്തുന്നതിന് പകരം അവയെ കൊലപ്പെടുത്തേണ്ട അവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് ഭരണസംവിധാനം ശ്രമിക്കുന്നത്-അഡ്വ.ആര്‍.അനില്‍കുമാര്‍ പറഞ്ഞു.

തികച്ചും ശാസ്ത്രീയമായ രീതിയില്‍ എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുകയാണ് വേണ്ടത്. വര്‍ക്കലയിലെ മൃഗാശുപത്രിയുടെ അവസ്ഥ അതിദയനീയമാണ്. കഴിഞ്ഞ നഗരസഭാ ബജറ്റില്‍ തെരുവ് നായ വന്ധ്യംകരിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഇപ്പോഴുള്ള മൃഗാശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുതന്നിരുന്നതാണ്. എന്നാല്‍ അതെല്ലാം വെറുംവാക്കായി മാറുകയായിരുന്നു. ജനങ്ങളെ പറ്റിക്കുന്ന നടപടികളാണ് നഗരസഭ സ്വീകരിക്കുന്നത്. തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും അതുമൂലം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമാവുകയും ചെയ്താല്‍ ക്രൂരമൃഗങ്ങളെ കൊല്ലാമെന്ന സി.ആര്‍.പി.സി 131 എഫ് വകുപ്പ് ഉപയോഗിച്ച് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നുകളയാനുള്ള നടപടികളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നീങ്ങുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ.ആര്‍.അനില്‍കുമാര്‍ നേതൃത്വം നല്‍കിയ സമര പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി, കൗണ്‍സിലര്‍മാരായ പ്രിയ ഗോപന്‍, അനു, അശ്വതി, ഉണ്ണികൃഷ്ണന്‍, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
