
തിരുവനന്തപുരം: പ്രശസ്ത കവിയിത്രി സുഗതകുമാരി(86) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നായിരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സുഗതകുമാരി ടീച്ചര്‍. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍കൂടി അലട്ടിയിരുന്ന ടീച്ചര്‍ ഇന്ന് രാവിലെ 10.52 നാണ് അന്തരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി ടീച്ചറെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും സംസ്‌കാരം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാം.
കവിയിത്രി എന്നതിലുപരി തികഞ്ഞ പ്രകൃതി സ്‌നേഹികൂടിയായിരുന്നു ടീച്ചര്‍. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യ സംസ്‌ക്കാരത്തോട് ടീച്ചര്‍ എന്നും മല്ലിട്ടുകൊണ്ടേയിരുന്നു. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു ടീച്ചറിന്റെ കവിതകള്‍. ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആരംഭിച്ച ‘അഭയ’ എന്ന സ്ഥാപനത്തിലൂടെ ആരുമില്ലാത്തവര്‍ക്ക് എല്ലാമാവാനും ടീച്ചറിന് സാധിച്ചു. ടീച്ചറിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത് കവിയിത്രി മാത്രമല്ല, സ്‌നേഹത്തിന്റെ, ആര്‍ദ്രതയുടെ നിറകുടമായ അമ്മ കൂടിയാണ്.
1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ടീച്ചര്‍ കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപര്‍, നവഭാരതവേദി വൈസ് പ്രസിഡന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, കേരള ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
സാഹിത്യത്തിനും സാമൂഹ്യ സേവനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ടീച്ചര്‍ക്ക് ലഭിച്ചു. 2006 ല്‍ പത്മശ്രീയും 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ സരസ്വതി സമ്മാനും ടീച്ചറെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ പ്രൈസ്, പി.കേശവദേവ് പുരസ്‌കാരം, കെ.ആര്‍. ചുമ്മാര്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ടീച്ചര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ പുരസ്‌കാരവും ലഭിച്ചു.
തുലാവര്‍ഷപ്പച്ച, രാധയെവിടെ, പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, പാവം മാനവഹൃദയം, മുത്തുച്ചിപ്പി, കൃഷ്ണകവിതകള്‍, ദേവദാസി, കാടിനു കാവല്‍, സൈലന്റ് വാലി, മലമുകളിലിരിക്കെ, വാഴത്തേന്‍, സൈലന്റ് വാലി, വായാടിക്കിളി, പ്രണാമം, ഇരുള്‍ ചിറകുകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.