Breaking News

കള്ളനോട്ടടി സംഘത്തെ വര്‍ക്കല പോലീസ് തൊണ്ടി സഹിതം പിടികൂടി

കള്ളനോട്ട് കേസില്‍ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്ത ആഷിക് ഹുസൈന്‍, മുഹമ്മദ് ഹനീഫ, അച്ചു ശ്രീകുമാര്‍ എന്നിവര്‍

തിരുവനന്തപുരം: കള്ളനോട്ട് അടിച്ച് വിതരണം നടത്തി വന്ന മൂന്നസംഘം വര്‍ക്കല പോലീസിന്റെ പിടിയില്‍. 2000, 500, 200 രൂപകളുടെ കള്ളനോട്ടുകള്‍ കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളില്‍ വിതരണം നടത്തി വരികയായിരുന്നു സംഘം. 8 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടിനൊപ്പം നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്റര്‍, മഷി ഹോളോഗ്രാം എന്നിവയും പോലീസ് പിടിച്ചെടുത്തു. മേലെതോന്നയ്ക്കല്‍ സ്വദേശി ആഷിക് തോന്നയ്ക്കല്‍ എന്ന് വിളിക്കുന്ന ആഷിക് ഹുസൈന്‍(35), വര്‍ക്കല രാമന്തള്ളി സ്വദേശി മമ്മു എന്ന് വിളിക്കുന്ന മുഹമ്മദ് ഹനീഫ(23), അയിരൂര്‍ സ്വദേശി അച്ചു എന്ന് വിളിക്കുന്ന അച്ചു ശ്രീകുമാര്‍(20) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.സുരേഷിന്റെ നേതൃത്വത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജി.ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സാജന്‍, അനില്‍കുമാര്‍, എ.എസ്.ഐമാരായ ജയപ്രസാദ്, ഉത്തരേന്ദ്രനാഥ്, രാധാകൃഷ്ണന്‍, ലിജോ ടോംജോസ് സി.പി.ഒമാരായ അജീസ്, സുരാജ്, മുരളീകൃഷ്ണന്‍, ഹരീഷ്, അജിത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വര്‍ക്കല, പോത്തന്‍കോട ഭാഗത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
വര്‍ക്കല ടൂറിസം മേഖല കേന്ദ്രീകരിച്ച് 2000 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് മുഹമ്മദ് ഹനീഫ, അച്ചു എന്നിവരെ വര്‍ക്കല ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്നും രണ്ടായിരം രൂപയുടെ കള്ളനോട്ട് സഹിതം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നാണ് കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം നടത്തി വന്നിരുന്ന ആഷിക് തോന്നയ്ക്കലിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ തിരുവനന്തപുരം കാട്ടായിക്കോണത്തെ വീട്ടില്‍ പരിശോധന നടത്തിയതില്‍ എട്ട് ലക്ഷത്തോളം രൂപയുടെ 2000, 500, 200 രൂപകളുടെ വ്യാജ നോട്ടുകള്‍ കണ്ടെത്തി.
40000 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് എന്ന നിലയ്ക്കാണ് പ്രതികള്‍ വിനിമയം നടത്തി വന്നിരുന്നത്. മംഗലപുരം, ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ വധശ്രമമടക്കം നിരവധി കേസ്സുകളില്‍ പ്രതിയാണ് ആഷിക് തോന്നയ്ക്കല്‍. സമൂഹമാധ്യമങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായി അറിയപ്പെടുന്ന ആഷിക് നിരവധി ആള്‍ക്കാര്‍ക്ക് ഇത്തരത്തില്‍ നോട്ടുകള്‍ വിതരണം ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഹനീഫ, അച്ചു എന്നിവര്‍ക്ക് വര്‍ക്കല, അയിരൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മോഷണത്തിനും കഞ്ചാവ് കടത്തിനും കേസ്സുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആഷിക് തോന്നയ്ക്കലിന്റെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മ്മാണ സാമഗ്രികളും

Related posts

Leave a Reply

Your email address will not be published. Required fields are marked *