
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലചെയ്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച കോടതി മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
കൊലപാതകത്തിന് പുറമേ ഇരുവര്‍ക്കും തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. കൊലപാതകവും തെളിവ് നശിപ്പിക്കലും തെളിഞ്ഞതായി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഫാ. കോട്ടൂര്‍ കോണ്‍വന്റില്‍ അതിക്രമിച്ചു കടന്നെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. കൊലപാതകം ലക്ഷ്യമിട്ട് ഫാ.കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയത് അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം, പ്രായക്കൂടുതലും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് ഫാ.കോട്ടൂരിന്റെ അഭിഭാഷകന് വാദിച്ചു. കാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഫാ.കോട്ടൂരെന്നും അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ഫാ.കോട്ടൂരും കോടതിയെ നേരിട്ട് ആരോഗ്യനില ബോധിപ്പിച്ചു.
സിസ്റ്റര്‍ സെഫിക്ക് പ്രമേഹരോഗവും വൃക്ക സംബന്ധമായ അസുഖവുമുണ്ടെന്ന് അവരുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ത്രോംബോസിസ് ബാധിച്ചതിനാല്‍ എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടെന്നും രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഭിഭാഷകന് മുഖേന സെഫി കോടതിയോട് അപേക്ഷിച്ചു.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭയ കൊലക്കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. കൊലചെയ്യപ്പെടുമ്പോള്‍ കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഭയ. ഫാ.കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അവിഹിതബന്ധം പുറത്ത് പറയാതിരിക്കാന്‍ അഭയയെ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രം.
തലയ്ക്ക് പിന്നിലായി വലത് ചെവിയുടെ സമീപം കോടാലിക്ക് രണ്ട് തവണ വെട്ടിയെന്നും അടികൊണ്ട് വീണ അഭയയെ പ്രതികള്‍ സമീപത്തെ കിണറ്റില്‍ എറിഞ്ഞുവെന്നും അബോധാവസ്ഥയില്‍ അഭയ മുങ്ങിമരിച്ചുവെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്. എന്നാല്‍, രണ്ടാം പ്രതിയായ ഫാ.ജോസ് പൂതൃക്കയിലിനെ ശരിയായ സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് കണ്ടെത്തിയ കേസിലാണ് ഇപ്പോള്‍ കൊലപാതക കുറ്റം തെളിഞ്ഞതായി വിധി വന്നതും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതും എന്നത് ശ്രദ്ധേയമാണ്. സി.ബി.ഐയും കേസ് എഴുതിത്തള്ളാന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍, കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വീണ്ടും കേസ് അന്വേഷിച്ച എസ്പി നന്ദകുമാര്‍ നായര്‍ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.