Breaking News

തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വേദിയൊരുക്കി നിയുക്തി മെഗാ ജോബ് ഫെയര്‍

തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നടന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

തൊഴില്‍ മേഖലയിലെ മാറി വരുന്ന പ്രവണതകള്‍ മനസിലാക്കി, ലഭ്യമായ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴില്‍ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയ്‌മെന്റ് വകുപ്പ് നിയുക്തി മെഗാ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലന്വേഷകരേയും തൊഴില്‍ദായകരേയും ഒരേ പ്ലാറ്റ്ഫോമില്‍ എത്തിക്കുകയെന്ന ആശയമാണ് മെഗാ റിക്രൂട്ട്മെന്റ് മേളകളായി രൂപാന്തരം പ്രാപിച്ചതെന്നും ഇടനിലക്കാരില്ലാതെ എംപ്ലോയ്മെന്റ് വകുപ്പ് സൗജന്യമായിട്ടാണ് ഇത്തരം തൊഴില്‍മേളകള്‍ ഒരുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ അധ്യക്ഷനായി. മുന്‍വര്‍ഷങ്ങളില്‍ വകുപ്പ് സംഘടിപ്പിച്ച ജോബ് ഫെയറുകളിലൂടെ 97,745 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച് നടത്തിയ 55 ജോബ് ഫയറുകളില്‍ 10,980 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ലുലു ഗ്രൂപ്പ്, ടാറ്റാ മോട്ടോര്‍സ്, പോത്തീസ് റീറ്റെയില്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി എഴുപതിലധികം സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.

എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഡോ.വീണാ എന്‍.മാധവന്‍, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ വിനോദ്.ആര്‍, ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.സതീഷ് കുമാര്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *