

ആലപ്പുഴ: ബന്ധുവിന്റെ ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ പോലീസ് ഓഫീസര്‍ക്ക് സി.പി.എം നേതാവിന്റെ ഭീഷണിയും അസഭ്യ വര്‍ഷവും. ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതുമായി ബന്ധപ്പെട്ടാണ് കഞ്ഞിക്കുഴി സി.പി.എം ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസ് നര്‍കോട്ടിക് സെല്ലിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് നേരെ ഭീഷണിയും അസഭ്യ പ്രയോഗവും നടത്തിയത്. ഒരു മാസം മുന്‍പുണ്ടായ സംഭവത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സി.പി.എം ലോക്കല്‍ സെക്രട്ടറിയും പോലീസ് ഓഫീസറും തമ്മില്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇരുവരും തമ്മില്‍ നടക്കുന്ന സൗമ്യമായ സംഭാഷണത്തിനിടെ നേതാവ് പെട്ടെന്നു പ്രകോപിതനായി അസഭ്യം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്. ഹെബിന്‍ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്. ഈ യുവാവിനെ ഒഴിവാക്കി വിടണമെന്നാണ് ആവശ്യം. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ എസ്.ഐയാണു വാങ്ങിവച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് അസഭ്യവും ഭീഷണിയും. ആവശ്യമില്ലാത്ത പരിപാടി വേണ്ട എന്ന മുന്നറിയിപ്പുമുണ്ട്.

‘ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാന്‍ അവന്‍മാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാന്‍ സാറിനെ വിളിക്കാന്‍ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്.ഐ അല്ല, ആരായാലും ഞാന്‍ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാന്‍ ആദ്യമേ പറയുകയാണ്. സര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല’-ശബ്ദരേഖയില്‍ ഹെബിന്‍ ദാസ് പറയുന്നു.

കഞ്ഞിക്കുഴി ബ്ലോക്ക് ജംക്ഷനു കിഴക്കുള്ള പാടത്തിനു നടുവില്‍ കാടുപിടിച്ച സ്ഥലത്തു വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് പോയതെന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. കുട്ടികളെ പറഞ്ഞു വിട്ടെങ്കിലും യുവാക്കള്‍ പലതവണ തിരിച്ചെത്തി പൊലീസിനോടു മോശമായി പെരുമാറി. തുടര്‍ന്നാണു മാരാരിക്കുളം എസ്.ഐയെ അറിയിച്ചതെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.